G
Author
Gramika Team
Published
June 12, 2026

നിപ രോഗിയുടെ ആരോഗ്യസ്ഥിതി അതീവഗുരുതരമായി തുടരുന്നു
കോഴിക്കോട്: ജില്ലയിൽ നിപ്പ സ്ഥിരീകരിച്ചയാളുടെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുന്നു. 43കാരനായ രാമനാട്ടുകര സ്വദേശിക്കാണ് കഴിഞ്ഞ ദിവസം നിപ സ്ഥിരീകരിച്ചത്. ഇദ്ദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽ ഐസൊലേഷൻ വാഡിൽ ചികിത്സയിലാണ്. രോഗിയുടെ സമ്പര്‍ക്ക പട്ടികയില്‍ നിലവില്‍ 77 പേരാണുള്ളത്. ഇതില്‍ 58 പേര് ആരോഗ്യ പ്രവര്‍ത്തകരും 14 പേര് കുടുംബാംഗങ്ങളും അഞ്ചുപേര്‍ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമാണ്. ഇവരില്‍ ആര്‍ക്കും രോഗലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സമ്പര്‍ക്ക പട്ടികയിലെ രണ്ടുപേര്‍ ഹൈയസ്റ്റ് റിസ്ക് വിഭാഗത്തിലും 13 പേര് ഹൈ റിസ്ക് വിഭാഗത്തിലും 62 പേര് ലോ റിസ്ക് വിഭാഗത്തിലും ആണുള്ളത്. ഇതില്‍ ഹൈയസ്റ്റ്, ഹൈ റിസ്ക് വിഭാഗത്തില്‍പ്പെട്ട എല്ലാവരും ക്വാറന്റീനിലാണ്. രോഗബാധിതന്റെ റൂട്ട് മാപ്പ് തയാറായിട്ടുണ്ടെന്നും കലക്ടര്‍ അറിയിച്ചു. ഫീല്‍ഡുതലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. രാമനാട്ടുകര മുനിസിപ്പാലിറ്റിയില്‍ ബുധന്‍, വ്യാഴം ദിവസങ്ങളിലായി ആര്.ആര്.ടി യോഗം ചേര്‍ന്നു. പി.പി.ഇ കിറ്റ്, ഗ്ലൗസ്, മാസ്ക് തുടങ്ങിയ വ്യക്തിഗത സുരക്ഷാ ഉപകരണങ്ങള്‍ ലഭ്യമാക്കി. മുന്‍കരുതലായി മരുന്നുകള്‍ ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായും കലക്ടര്‍ അറിയിച്ചു.