G

Author

Gramika Team

Published

May 5, 2026

ധർമടത്ത് ഇടറി പിണറായി; കണ്ണൂരിലെ ചുവപ്പു കോട്ടകളിൽ വിള്ളൽ

ധർമടത്ത് ഇടറി പിണറായി; കണ്ണൂരിലെ ചുവപ്പു കോട്ടകളിൽ വിള്ളൽ

കണ്ണൂർ: ധർമടത്ത് എല്ലാ പഞ്ചായത്തിലും കഴിഞ്ഞ തവണ നേടിയതിനെക്കാൾ കുറഞ്ഞ ഭൂരിപക്ഷമാണ് ഇത്തവണ പിണറായി വിജയന് ലഭിച്ചത്. അരലക്ഷത്തിന് മുകളിലുണ്ടായിരുന്ന ഭൂരിപക്ഷം ഇരുപതിനായിരത്തിൽ താഴേക്ക് ഇടിഞ്ഞതിനൊപ്പം രണ്ട് പഞ്ചായത്തുകളിൽ പിന്നിൽ പോവുകയും ചെയ്തു. ഇതിനൊപ്പം തളിപ്പറമ്പ്, പയ്യന്നൂർ, മട്ടന്നൂർ മണ്ഡലങ്ങളിലെ സിപിഎം കോട്ടകളും പൊളിഞ്ഞു വീണു. ഏഴ് പഞ്ചായത്തുകൾ ഉൾപ്പെടുന്ന ധർമടത്ത് ചെമ്പിലോട്, കടമ്പൂർ പഞ്ചായത്തുകളിലാണ് പിണറായി വിജയൻ ഇത്തവണ പിന്നിൽ പോയത്. ചെമ്പിലോട് 2564 വോട്ടിനാണ് അബ്‌ദുൽ റഷീദ് പിണറായിയുടെ മുന്നിലെത്തിയത്. ഇതിനൊപ്പം കടമ്പൂർ പഞ്ചായത്തിലും യുഡിഎഫിനാണ് ഭൂരിപക്ഷം. ഏഴ് റൗണ്ട് പൂർത്തിയാകുന്നതുവരെ പിണറായിയെ അക്ഷരാർഥതത്തിൽ വെള്ളം കുടിപ്പിച്ച റഷീദ് വേങ്ങാട് പഞ്ചായത്തിൽ പിണറായിയുടെ കുതിപ്പ് 1077 വോട്ടിൽ പിടിച്ചു നിർത്തി. കഴിഞ്ഞ തവണത്തെക്കാൾ അയ്യായിരത്തിലധികം വോട്ട് വേങ്ങാട് പിണറായിക്ക് നഷ്ടമായി.

Share Article