G
Author
Gramika Team
Published
May 27, 2026

ത്യാഗസ്മരണയിൽ ഗൾഫ് നാടുകളിൽ ഇന്ന് ബലിപെരുന്നാൾ
ദുബായ്: ത്യാഗസ്മരണയിൽ ഗൾഫ് രാജ്യങ്ങളിൽ ഇന്ന് ബലിപെരുന്നാൾ. ഇബ്രാഹിം നബിയുടെയും മകൻ ഇസ്മാഈൽ നബിയുടെയും ചരിത്രപരമായ ത്യാഗത്തിന്റെ സ്മരണ പുതുക്കലാണ് ബലിപെരുന്നാൾ. ഗൾഫ് രാജ്യങ്ങളിലുട നീളമുള്ള പള്ളികളില്‍ പെരുന്നാൾ നമസ്‌കാരം പൂർത്തിയായി.പുലർച്ചെ സൂര്യോദയത്തിന് മുൻപ് തന്നെ യുഎഇയിലെ റോഡുകളെല്ലാം പള്ളികളിലേക്കും ഈദ്ഗാഹുകളിലേക്കും പോകുന്ന കുടുംബങ്ങളെക്കൊണ്ട് സജീവമായിരുന്നു. ജാതി-മത-ദേശ ഭേദമന്യേ പ്രവാസികളും സ്വദേശികളും ഒരുമിച്ച് ചേർന്നപ്പോൾ യുഎഇയിലെ പുണ്യഭൂമികൾ ഒരുമയുടെയും സ്നേഹത്തിന്റെയും വേദിയായി മാറി. ഇന്ന് പുലർച്ചെ ദുബായിലെയും മറ്റ് എമിറേറ്റുകളിലെയും പ്രഭാത നിശബ്ദതയെ ഭേദിച്ചുകൊണ്ട് പെരുന്നാൾ തക്ബീർ ധ്വനികൾ പള്ളികളിൽ നിന്ന് ഉയർന്നുകേട്ടു. പുത്തൻ വസ്ത്രങ്ങളണിഞ്ഞ് കുട്ടികളും മുതിർന്നവരും അടങ്ങുന്ന ജനസഹസ്രങ്ങൾ പള്ളികളിലേക്ക് ഒഴുകിയെത്തി. നമസ്‌കാരം ആരംഭിക്കുന്നതിന് മുൻപ് തന്നെ പ്രാർത്ഥനാ ഹാളുകളും പള്ളിയുടെ മുറ്റങ്ങളും വിശ്വാസികളെക്കൊണ്ട് നിറഞ്ഞിരുന്നു. അബുദാബി, ഷാർജ, അജ്മാൻ ഉൾപ്പെടെയുള്ള എല്ലാ എമിറേറ്റുകളിലും സമാനമായ കാഴ്ചകളാണ് ദൃശ്യമായത്.