G
Author
Gramika Team
Published
May 27, 2026

തിരുവനന്തപുരത്ത് ഇഡി സംഘത്തിനുനേരെ ആക്രമണം; പ്രതിഷേധക്കാർ കാർ അടിച്ചുതകർത്തു, ഉദ്യോഗസ്ഥർക്ക് പരിക്ക്
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടകവീട്ടിൽ നടന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡിനെതിരായ പ്രതിഷേധം അക്രമത്തിൽ കലാശിച്ചു. പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥർക്കും വാഹനത്തിനും നേരെയാണ് ആക്രമണമുണ്ടായത്. തിരുവനന്തപുരത്ത് റെയ്ഡ് കഴിഞ്ഞ് ഉദ്യോഗസ്ഥർ മടങ്ങുന്നതിനിടെയാണ് വൻ സംഘർഷവും അക്രമവും ഉണ്ടായത്. ഇഷ്ടികയും കട്ടകളും ഉപയോഗിച്ച് എറിഞ്ഞും കൈകൊണ്ട് ഇടിച്ചും പ്രവർത്തകർ ഇഡിയുടെ രണ്ട് വാഹനങ്ങൾ തകർത്തു. ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും കൂക്കിവിളിക്കുകയും ചെയ്ത പ്രവർത്തകർ, വീടിന്റെ കോമ്പൗണ്ടിലേക്ക് കുപ്പികളും ചെരുപ്പുകളും വലിച്ചെറിഞ്ഞു. വനിതാ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള ഇഡി സംഘം പത്ത് മിനിറ്റിലധികം പ്രകോപിതരായ ഈ ജനക്കൂട്ടത്തിനിടയിൽ കുടുങ്ങിക്കിടന്നു. പോലീസിന് പ്രവർത്തകരെ നിയന്ത്രിക്കാനോ വാഹനങ്ങൾക്ക് വഴിയൊരുക്കാനോ സാധിച്ചില്ല.