G
Author
Gramika Team
Published
March 9, 2026

ടൗൺ പോലീസിന്റെ മികവിന് വീണ്ടും ബിഗ് സല്യൂട്ട്
കണ്ണൂർ: നിർമ്മാണ കമ്പനി ഓഫീസിൽ കയറി പണം കവർന്ന മോഷ്ടാവ് മണിക്കൂറുകൾക്കകം പിടിയിൽ. ഒറീസ സ്വദേശിയായ കുട്ടി മോഷ്ടാവിനെയാണ് ഒന്നരലക്ഷം രൂപയുമായി കണ്ണൂർ ടൗൺ പോലീസ് പിടികൂടിയത്. ഇന്നലെ രാത്രിയിലാണ് സംഭവം. കണ്ണൂർ താവക്കരയിലെ ആകൃതി ഡിസൈനർ കൺസ്ട്രക്ഷൻ കമ്പനിയുടെ ഓഫീസിലായിരുന്നു മോഷണം. ഓഫീസിന്റെ മുൻ വാതിലിന്റെ പൂട്ട് തുറന്ന് അകത്ത് കയറിയ മോഷ്ടാവ് അലമാരയിൽ ബാഗിൽ സൂക്ഷിച്ച ഒന്നരലക്ഷം രൂപയാണ് കവർന്നത്. ശബ്ദം കേട്ട് അയൽ വീട്ടുകാർ വിവരമറിയിച്ചാണ് പോലീസ് സ്ഥലത്തെത്തിയത്. ഇതിനിടെ മോഷ്ടാവ് ഓഫീസിന്റെ ജനൽ ചില്ലുകളും തകർത്തിരുന്നു. ഓഫീസിനകത്തെയും സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലാണ്. ആളുകളില്ലെന്ന് ഉറപ്പു വരുത്തുന്നതിനായാണ് ജനൽപരാക്രമം ചെയ്തതെന്നാണ് സൂചന.
തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് താവക്കര ഭാഗത്ത് നിന്ന് ബാഗുമായി നടന്നു പോവുകയായിരുന്നയാളെ സംശയാസ്പദമായി പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് കുട്ടി മോഷ്ടാവ് പണവുമായി പിടിയിലാവുന്നത്. ടൗൺ ഇൻസ്പെക്ടർ അനൂബ് കുമാർ നിർദ്ദേശത്തെ തുടർന്ന്
ടൗൺ എസ്ഐമാരായ റഷീദ്, ഉദ്യോഗസ്ഥരായ ബൈജു ,അഖിൽ , സഫീർ എന്നിവർ ചേർന്നാണ് മണിക്കൂറിനുള്ളിൽ പ്രതിയെ പിടികൂടിയത്.