G
Author
Gramika Team
Published
June 6, 2026

ടി20 ടീം ക്യാപ്റ്റനായി ശ്രേയസ് അയ്യർ, വൈഭവ് സൂര്യവംശി ടീമിൽ
മുംബൈ: ഇന്ത്യൻ ടി20 ടീമിൽ വമ്പൻ മാറ്റങ്ങളോടെ അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കും ഏഷ്യൻ ഗെയിംസിനുമുള്ള ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. ശ്രേയസ് അയ്യരെ ഇന്ത്യൻ ടി20 ടീം ക്യാപ്റ്റനായി പ്രഖ്യാപിച്ചു. സമീപകാലത്ത് ഫോം കണ്ടെത്താൻ വിഷമിച്ച സൂര്യകുമാർ യാദവിന് ടീമിൽ പോലും ഇടം ലഭിച്ചില്ല. 15-കാരൻ വൈഭവ് സൂര്യവംശിക്ക് സീനിയർ ടീമിലേക്ക് ആദ്യമായി വിളിയെത്തിയതാണ് ശ്രദ്ധേയമായ കാര്യം. പ്രഖ്യാപിച്ച മൂന്ന് ടീമിലും വൈഭവ് ഇടംനേടി. സഞ്ജു സാംസണും മൂന്ന് ടീമുകളിലും ഇടംനേടി. ജസ്പ്രീത് ബുംറയെ ഏഷ്യൻ ഗെയിംസിനുള്ള ടീമിൽ മാത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മുംബൈയിലെ സെലക്ഷൻ കമ്മിറ്റി യോഗത്തിനു ശേഷം മുഖ്യ സെലക്ടർ അജിത് അഗാർക്കർ, സെക്രട്ടറി ദേവ്ജിത് സൈകിയ എന്നിവരാണ് ടീമിനെ പ്രഖ്യാപിച്ചത്. തിലക് വർമയാണ് മൂന്ന് ടീമുകളുടെയും വൈസ് ക്യാപ്റ്റൻ. റെക്കോർഡുകൾ തകർത്ത ഐപിഎൽ പ്രകടനമാണ് വൈഭവിന് ടീമിലേക്കുള്ള വഴിതുറന്നത്. വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസും അടുത്ത ടി20 ലോകകപ്പും ലക്ഷ്യമിട്ടുള്ള ഒരു തലമുറ മാറ്റത്തിന്റെ തുടക്കമായാണ് ഈ നീക്കത്തെ കാണുന്നത്.