G
Author
Gramika Team
Published
April 10, 2026

ക്ഷേത്രോത്സവത്തിലെ ഭക്ഷ്യവിഷബാധ: ചികിത്സയിലിരുന്ന വയോധികൻ മരിച്ചു
മട്ടന്നൂർ: ക്ഷേത്രോത്സവത്തിലെ ഭക്ഷ്യവിഷബാധയെ തുടർന്ന് ചികിത്സയിലിരുന്ന വയോധികൻ മരിച്ചു. കാര പേരാവൂരിലെ പൂവത്തുംകണ്ടി വിജയനാണ് മരിച്ചത്. 70 വയസായിരുന്നു. കണ്ണൂലെ സ്വകാര്യ ആസ്പത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാവിലെയാണ് ഇദ്ദേഹം മരിച്ചത്. ക്ഷേത്രത്തിലെ പ്രസാദസദ്യ കഴിച്ച 300ലധികം പേരാണ് കണ്ണൂർ,തലശ്ശേരി,മട്ടന്നൂർ എന്നിവിടങ്ങളിലെ ആശുപത്രികളിൽ ചികിത്സ തേടിയത്. അഞ്ച്, ആറ് തീയതികളിലായി നടന്ന ഉത്സവത്തിൽ ആറിന് സദ്യ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
സദ്യയിലെ പച്ചടിയിൽ നിന്നാണ് വിഷബാധയേറ്റതെന്നാണ് പ്രാഥമിക വിവരം. ഇതിന്റെ സാമ്പിൾ ആരോഗ്യവകുപ്പ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. വയറിളക്കം,പനി,തലവേദന എന്നിവയാണ് ഭക്ഷണം കഴിച്ചവരെ ബാധിച്ചത്. ഏഴിന് ഉച്ച മുതലാണ് ആളുകൾ ആസ്പത്രികളിൽ ചികിത്സ തേടി എത്തിയത്. നിരവധി പേർ ഇപ്പോഴും കണ്ണൂരിലെയും മട്ടന്നൂരിലെയും ആസ്പത്രികളിൽ ചികിത്സയിലുണ്ട്. ശാന്തയാണ് മരിച്ച വിജയന്റെ ഭാര്യ. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം വൈകീട്ട് ഏഴോടെ പൊറോറയിലെ നഗരസഭാ ശ്മശാനത്തിൽ സംസ്‌കരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളും ഇദ്ദേഹത്തിനുണ്ടായിരുന്നതായാണ് വിവരം.