G

Author

Gramika Team

Published

June 1, 2026

കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ സംഘത്തെ മറ്റൊരു സംഘം കയറി മർദിച്ചു

കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ സംഘത്തെ മറ്റൊരു സംഘം കയറി മർദിച്ചു

കൂത്തുപറമ്പ്: താലൂക്ക് ആശുപത്രിയിൽ മർദ്ധനത്തിൽ പരിക്കേറ്റ് ചികിത്സയ്ക്ക് എത്തിയ സംഘത്തെ മറ്റൊരു സംഘം അത്യാഹിത വിഭാഗത്തിൽ കയറി മർദിച്ചതായി പരാതി. അക്രമികൾക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് ഡോക്ടർമാർ തിങ്കളാഴ്ച ഭാഗികമായി ഒ പി ബഹിഷ്കരിച്ചു. ഞായറാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. പൂക്കോട് വെച്ച് ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം ഉണ്ടാവുകയും ഇതിൽ പരിക്കേറ്റവർ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തിരുന്നു. ഇവരെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർ പരിശോധിക്കുന്നതിനിടെയാണ് മറ്റൊരു സംഘം ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിൽ അതിക്രമിച്ചു കയറി പരിക്കേറ്റയാളെ മർദിച്ചത്. ഇതിനിടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഗർഭിണിയായ ഡോക്ടർ നിലത്ത് വീഴുകയും ചെയ്തു. സംഭവമറിഞ്ഞ ഉടൻ ആശുപത്രി സൂപ്രണ്ടും നഗരസഭാ ചെയർമാനും കൂത്തുപറമ്പ് പോലീസും സ്ഥലത്തെത്തിയിരുന്നു. അക്രമി സംഘത്തിൽ ഉൾപ്പെട്ട രണ്ടുപേരെ സംഭവ സ്ഥലത്ത് വച്ച് തന്നെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിൽ അതിക്രമിച്ചു കയറി അക്രമം നടത്തിയ സംഘത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡോക്ടർമാർ തിങ്കളാഴ്ച രാവിലെ 11 :30ന് ശേഷം ഒ പി ബഹിഷ്കരിച്ച് പ്രതിഷേധിച്ചു. ആശുപത്രിക്ക് മുന്നിൽ പ്രതിഷേധ ധാർണയും സംഘടിപ്പിച്ചു. അക്രമികൾക്കെതിരെ ശക്തമായ നടപടി സ്വീക രിക്കാൻ ആവശ്യമായ ഇടപെടൽ നടത്തുമെന്ന് ധർണയിൽ പങ്കെടുത്ത പി കെ പ്രവീൺ എം എൽ എ പറഞ്ഞു. ഡോക്ടർമാരായ എ കെ സഹിന,വി എസ്‌ ജിതിൻ, ശ്രീകുമാർ വാസുദേവ്, ലാലിത്ത് സുന്ദർ തുടങ്ങിയവർ സംസാരിച്ചു.

Share Article