G
Author
Gramika Team
Published
April 29, 2026

കുത്തനെ ഉയർന്ന് പഴവർഗ്ഗങ്ങളുടെ വിപണി
കൂത്തുപറമ്പ്: വേനൽ ചൂട് രൂക്ഷമാകുന്നതിനൊപ്പം വിപണിയിൽ പഴവർഗ്ഗങ്ങളുടെ വില കുത്തനെ ഉയരുകയാണ്. ലഭ്യത കുറഞ്ഞതും ആവശ്യക്കാർ വർധിച്ചതുമാണ് ഈ വിലക്കയറ്റത്തിന് പിന്നിലെ പ്രധാന കാരണങ്ങൾ. എന്നാൽ വിപണിയിൽ ചില പഴവർഗ്ഗങ്ങൾ ലഭിക്കാത്ത അവസ്ഥയും ഉണ്ട്. വേനൽക്കാലത്ത് കൂടുതൽ ആവശ്യക്കാർ ഉള്ള തണ്ണിമത്തൻ, മുസമ്പി പോലുള്ള പഴങ്ങൾക്ക് ഇപ്പോൾ തീ വിലയാണ്. ഓറഞ്ച് പല കടകളിലും കിട്ടാനില്ല. ശരീരത്തിന് തണുപ്പ് നൽകുന്ന പഴങ്ങൾ ആയതിനാൽ ആളുകൾ കൂടുതൽ ആശ്രയിക്കുന്നുണ്ടെങ്കിലും, വിലക്കയറ്റം കാരണം പലർക്കും വാങ്ങാൻ ബുദ്ധിമുട്ടുകയാണ്. വിദേശത്ത് നിന്ന് എത്തിക്കുന്ന ആപ്പിളിനും വില ഉയർന്ന നിലയിലാണ് തുടരുന്നത്. സീസൺ ആയതിനാൽ മാമ്പഴം മാത്രമാണ് വിലക്കുറവിൽ ലഭിക്കുന്നത്. വേനൽ ചൂട് ശക്തമായതിനാൽ പഴങ്ങൾക്ക് ആവശ്യക്കാർ വർധിച്ചിരിക്കുകയാണ്. പലരും വില കൂടിയതിനാൽ ആവശ്യത്തിന് വാങ്ങാതെ കുറച്ച് മാത്രം വാങ്ങിയാണ് മടങ്ങുന്നത്. കഠിനമായ ചൂട് കാരണം ആളുകൾ പുറത്തേക്ക് ഇറങ്ങാൻ മടിക്കുന്നതും വിപണിയെ ഏറെ ബാധിക്കുന്നുണ്ട്.