G
Author
Gramika Team
Published
April 23, 2026

കാറും ബൈക്കും ഇടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം
അഞ്ചരക്കണ്ടി: കുന്നിരിക്കയിൽ ഇന്നോവ കാറും ബൈക്കും ഇടിച്ച് ബൈക്ക് യാത്രികനായ വ്യാപാരിക്ക് ദാരുണാന്ത്യം. അഞ്ചരക്കണ്ടി സബ്ബ് രജിസ്ട്രാർ ഓഫീസിന് മുൻ വശത്തെ വർണ്ണം ഫാൻസി കടയുടമ മൈലുള്ളിമെട്ടയിലെ വിജേഷാണ് മരിച്ചത്. 45 വയസ്സായിരുന്നു. ബുധനാഴ്ച രാത്രി 10 മണിയോടെ കുന്നിരിക്ക യുപി സ്കൂളിന് സമീപത്ത് വച്ചാണ് അപകടം ഉണ്ടായത്. മമ്പറം ഭാഗത്ത് നിന്നും അഞ്ചരക്കണ്ടി ഭാഗത്തേക്ക് പോവുകയായിരുന്ന കാർ എതിർ ദിശയിൽ നിന്ന് വരികയായിരുന്ന വിജേഷ് സഞ്ചരിച്ച ബൈക്കിലിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിജേഷിനെ ഉടൻ തലശ്ശേരിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിജേഷ് കടയടച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്. കാർ റോഡരികിൽ നിർത്തിയിട്ട സ്വകാര്യ ബസ്സിലും ഇടിച്ചു.