G
Author
Gramika Team
Published
July 7, 2026

കണ്ണീരണിഞ്ഞ് റൊണാൾഡോ മടങ്ങി
ഡാലസ്: ഫിഫ ലോകകപ്പ് പ്രീക്വാർട്ടറിൽ സ്‌പെയിനിനോട് എതിരില്ലാത്ത ഒരു ഗോളിന് തോറ്റ് പോർച്ചുഗൽ പുറത്തായതിനു പിന്നാലെ വികാരാധീനനായി ക്രിസ്റ്റ്യാനോ റൊണാൾഡോ. മത്സരശേഷം റൊണാൾഡോ മൈതാനത്ത് പൊട്ടിക്കരയുന്ന കാഴ്ച ഫുട്‌ബോൾ പ്രേമികൾക്ക് നൊമ്പരക്കാഴ്ചയായി. തന്റെ അവസാന ലോകകപ്പ് കളിച്ച റൊണാൾഡോ മൈതാനം വിടുന്ന കാഴ്ച കായിക ലോകത്തെ തന്നെ കണ്ണീരിലാഴ്ത്തി. 2006-ൽ തന്റെ ആദ്യ ലോകകപ്പ് കളിച്ച റൊണാൾഡോ, ഈ ലോകകപ്പ് തന്റെ അവസാനത്തേതായിരിക്കുമെന്ന് മത്സരത്തിന് മുൻപ് തന്നെ പ്രഖ്യാപിച്ചിരുന്നു. മത്സരത്തിന്റെ ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ വികാരാധീനനായ റൊണാൾഡോ മൈതാനത്ത് നിൽക്കുകയും പിന്നീട് കണ്ണീരടക്കാൻ പാടുപെടുകയും ചെയ്തു. സ്പാനിഷ് കൗമാരതാരം ലമിൻ യമാൽ, റൊണാൾഡോയുടെ അടുത്തെത്തി അദ്ദേഹത്തെ ആലിംഗനം ചെയ്തു. സ്‌പെയിൻ താരങ്ങളെയും പോർച്ചുഗലിലെ സഹതാരങ്ങളെയും അഭിനന്ദിച്ച ശേഷം കരഞ്ഞുകൊണ്ടാണ് അദ്ദേഹം ടണലിലൂടെ മടങ്ങിയത്.