G

Author

Gramika Team

Published

June 1, 2026

ഒന്നര വയസ്സുകാരന്റെ മരണം: മർദിച്ചത് കൊലപ്പെടുത്താൻ തന്നെയെന്ന് അഷ്കർ

ഒന്നര വയസ്സുകാരന്റെ മരണം: മർദിച്ചത് കൊലപ്പെടുത്താൻ തന്നെയെന്ന് അഷ്കർ

നെടുമങ്ങാട്: തല ഭിത്തിയിൽ ഇടിപ്പിച്ചും കാലിൽ തീവച്ച് പൊള്ളിച്ചും നെഞ്ചിൽ ചവിട്ടിയും ഒന്നര വയസ്സുകാരൻ അർഷിദിനെ ക്രൂരമായി പീഡിപ്പിച്ചിരുന്നുവെന്ന് അമ്മയുടെ സുഹൃത്ത് എ.അഷ്കറിന്റെ കുറ്റസമ്മതം. കുട്ടി തനിക്ക് ബാധ്യതയാകുമെന്ന് ഭയന്നതിനാൽ തുടർ‌ച്ചയായി മർദിച്ചു കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്നും പ്രതി വെളിപ്പെടുത്തി. അഷ്കർ കുഞ്ഞിനെ മർദിക്കുന്ന വിവരം തനിക്ക് അറിയാമായിരുന്നെന്ന് അമ്മ അഖില ചന്ദ്രനും ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ദേഹമാസകലം മുറിവുകളുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച നെടുമങ്ങാട് പനവൂർ സ്വദേശി അർഷിദ് വെള്ളിയാഴ്ച രാത്രിയാണ് മരിച്ചത്. കോടതിയിൽ ഹാജരാക്കിയ 2 പ്രതികളെയും റിമാൻഡ് ചെയ്തു.പ്രതികൾ ഒന്നിച്ചു താമസിച്ചിരുന്ന പനവൂർ കരിക്കുഴിയിലെ വാടകവീട്ടിലേക്ക് പൊലീസ് ഇന്നലെ അഷ്കറിനെ തെളിവെടുപ്പിനായി എത്തിച്ചപ്പോൾ വൻ ജനരോഷമുണ്ടായി. പൊലീസ് വലയം ഭേദിച്ച് നാട്ടുകാരിൽ ചിലർ പ്രതിയെ കയ്യേറ്റം ചെയ്തു. അഷ്‌കർ കുഞ്ഞിനെ അടിച്ച കമ്പും പൊള്ളലേൽപിക്കാൻ ഉപയോഗിച്ച ലൈറ്ററും വീട്ടിനുള്ളിൽനിന്നു പൊലീസ് കണ്ടെടുത്തു. വീടിനു സമീപത്തു പാർക്ക് ചെയ്തിരുന്ന അഷ്കറിന്റെ കാർ, ശനിയാഴ്ച രാത്രി അജ്ഞാതർ അടിച്ചു തകർത്തിരുന്നു. വെള്ളിയാഴ്ച വൈകിട്ട് അവശനിലയിൽ പനവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അർഷിദിനെ തുടർന്ന് എസ്എടി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അവിടെ എത്തും മുൻപേ മരിച്ചു. ഈ സമയം നൃത്ത പരിപാടിക്കായി മാതാവ് അഖില തമിഴ്നാട്ടിലായിരുന്നു. ഭക്ഷണം കഴിച്ചശേഷം ഉറങ്ങാൻ കിടന്ന കുഞ്ഞ്, ഛർദിച്ച് അവശനിലയിലായെന്നാണ് അഷ്കർ ആദ്യം പൊലീസിന് മൊഴി നൽകിയത്. തുടർന്ന് നടത്തിയ പോസ്റ്റ്മോർട്ടം പരിശോധനയിലാണ് ക്രൂര പീഡനത്തിന്റെ വിവരങ്ങൾ പുറത്തുവന്നത്.

Share Article