G
Author
Gramika Team
Published
June 6, 2026

ഇറാന്റെ ഡ്രോണുകളും റഡാർ സൈറ്റുകളും ആക്രമിച്ചതായി യുഎസ്
ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിൽ നാല് ഇറാനിയൻ ഡ്രോണുകൾ വെടിവെച്ചിട്ടതായി യുഎസ് സൈന്യം. കൂടുതൽ ആക്രമണങ്ങളിൽനിന്ന് സ്വയം പ്രതിരോധിക്കുന്നതിനായി ഗൊരുക്കിലെയും ഖേഷ്മ് ദ്വീപിലേയും ഇറാനിയൻ തീരദേശ നിരീക്ഷണ റഡാർ സൈറ്റുകളും ആക്രമിച്ചതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. സമുദ്രഗതാഗതത്തിന് ഭീഷണി ഉയർത്തിയ ഡ്രോണുകളെയാണ് ഹോർമുസിൽ വെടിവെച്ചിട്ടതെന്നും യുഎസ് വ്യക്തമാക്കി. യുഎസ് നടപടിക്ക് തിരിച്ചടിയായി കുവൈത്തിനും ബഹ്‌റൈനുംനേരെ ഇറാൻ മിസൈലുകളും ഡ്രോണുകളും വിക്ഷേപിച്ചു. എന്നാൽ, ഇറാൻ വിക്ഷേപിച്ച നിരവധി ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും തങ്ങൾ തടഞ്ഞതായി യുഎസ് സൈന്യം അവകാശപ്പെട്ടു.
ഏഴ് മിസൈലുകൾ കുവൈത്തിനും ബഹ്‌റൈനും നേരെ വിക്ഷേപിച്ചതായും എല്ലാം പ്രതിരോധിച്ചതായും യുഎസ് സൈന്യം വ്യക്തമാക്കി. അതേസമയം, കുവൈത്തിലേയും ബഹ്‌റൈനിലേയും യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തിയതായും നാശനഷ്ടങ്ങൾ വരുത്തിയതായും ഐആർജിസി അറിയിച്ചു.