G

Author

Gramika Team

Published

June 10, 2026

ആറളത്ത് കാട്ടാനകളെ നിരീക്ഷിക്കാൻ ഡ്രോൺ സ്ക്വാഡ് രൂപീകരിച്ചു

ആറളത്ത് കാട്ടാനകളെ നിരീക്ഷിക്കാൻ ഡ്രോൺ സ്ക്വാഡ് രൂപീകരിച്ചു

ആറളം: കണ്ണൂർ ഡിവിഷനിലെ കൊട്ടിയൂർ റേഞ്ചിന്റെ നേതൃത്വത്തിൽ വനംവകുപ്പിലെ ഫീൽഡ് സ്റ്റാഫിന് ആധുനിക വന്യജീവി നിരീക്ഷണ ഉപകരണങ്ങളുടെ പരിശീലനം സംഘടിപ്പിച്ചു. തർമ്മൽ ഡ്രോൺ, നൈറ്റ് വിഷൻ തർമ്മൽ ബൈനോകുലർ, ASKA ലൈറ്റ്, ക്യാമറ ട്രാപ്പ് എന്നിവയുടെ പ്രവർത്തനവും ഫീൽഡ് ഉപയോഗവും ഉൾപ്പെടുത്തിയായിരുന്നു പരിശീലനം. ചെന്നൈയിലെ RFLY ഇന്നോവഷനിൽ നിന്ന് വിദഗ്ധ പരിശീലനം നേടിയ അനന്തു.സി.എൻ പരിശീലന പരിപാടിക്ക് നേതൃത്വം നൽകി. വന്യജീവി നിരീക്ഷണത്തിൽ സാങ്കേതിക വിദ്യയുടെ പ്രാധാന്യവും അടിയന്തര സാഹചര്യങ്ങളിൽ ഉപകരണങ്ങളുടെ കാര്യക്ഷമമായ ഉപയോഗവും പരിശീലനത്തിൽ വിശദീകരിച്ചു. മനുഷ്യ–വന്യജീവി സംഘർഷം പരിഹരിക്കുന്നതിനായി ആറളം ഫാം, ആറളം പുനരധിവാസ മേഖലകളിൽ പ്രശ്നകാരികളായ കാട്ടാനകളെ ഫലപ്രദമായി നിരീക്ഷിക്കുന്നതിനും നിയന്ത്രണ നടപടികൾ ശക്തിപ്പെടുത്തുന്നതിനുമായി കണ്ണൂർ ഡിവിഷന്റെയും ആറളം വൈൽഡ് ലൈഫ് ഡിവിഷന്റെയും നേതൃത്വത്തിൽ പ്രത്യേക ഡ്രോൺ സ്‌ക്വാഡ് രൂപീകരിച്ചു. ഡ്രോൺ സ്‌ക്വാഡിന്റെ ടീം ലീഡറായി ഇരിട്ടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സുനിൽകുമാർ ചെന്നപ്പൊയിലിനെയും ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ജിഷ്ണു പായം, അനന്തു സി എൻ എന്നിവർ ടീമിന്റെ എക്സ്പേർട്സ് ആയി പ്രവർത്തിക്കും. തിരഞ്ഞെടുക്കപ്പെട്ട ഫീൽഡ് സ്റ്റാഫിനെ ഉൾപ്പെടുത്തി ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ (RRT)യുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സംഘം വന്യജീവി സംഘർഷം കുറയ്ക്കുന്നതിനും അടിയന്തര ഇടപെടലുകൾ കാര്യക്ഷമമാക്കുന്നതിനുമായി പ്രവർത്തനം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.

Share Article