G

Author

Gramika Team

Published

February 16, 2026

അണ്ടല്ലൂർ ഉത്സവം

അണ്ടല്ലൂർ ഉത്സവം

തലശ്ശേരി: സത്യസന്ധനും ക്ഷമാശീലനും ധീരനുമായ ശ്രീരാമൻ ദൈവത്താറീശ്വരൻ , ധർമിഷ്ടനും ഹൃദയാലുവും സദാചാരബോധവുമുള്ള ലഷ്മണൻ അങ്കക്കാരൻ , സ്വന്തം സ്വാമിക്കായി ജീവൻ തന്നെ അടിയറ വെക്കാൻ തുടിക്കുന്ന ഹൃദയവുമായി ആജ്ജകൾ കേൾക്കാനായി ഇരുവരെയും തൊഴുതുനിൽക്കുന്ന വായു പുത്രനായ ഹനുമാൻ ബപ്പൂരൻ, പാതിവ്രത്യത്തിന്റെ പര്യായമായ സീതാദേവി, താഴെക്കാവിൽ അദ്യശ്യ, - സഹസ്രാബ്ദങ്ങൾ കഴിഞ്ഞാലും ഇൗ കഥ കേൾക്കാനും ഉരുവിടാനും മനസുകൾ തുടിച്ചു കൊണ്ടേയിരിക്കും.എന്തുകൊണ്ട് അണ്ടലൂർ കാവ് എന്ന ചോദ്യത്തിന് ഉത്തരമാണിത് - ഇവിടെ നാൾക്കു നാൾ വർദ്ധിക്കുന്ന ഭക്തജന സാമീപ്യം എല്ലാറ്റിനും സാക്ഷ്യപത്രം.- രാമായണ കഥയെ ആസ്പദമാക്കിയുള്ള ചടങ്ങുകളാണ് അണ്ടലൂർ കാവിലേത്. മേലേ ക്കാവ് അയോദ്ധ്യയായും തൊട്ടപ്പുറം വനസമാനം കാട്ടുവള്ളികൾ ചുറ്റി പടർന്നു നിൽക്കുന്ന താഴെക്കാവ് ലങ്കയെന്നുമാണ് സങ്കൽപം. പ്രധാന ദൈവമായ ദൈവത്താറീശ്വര ശ്രീരാമചന്ദ്ര പ്രഭുവായും അങ്കക്കാരൻ ദൈവത്തെ സഹോദരൻ ലക്ഷ്മണനായും ബപ്പൂരനെ  ഹനുമാനായും വൃതം നോറ്റ വില്ലുകാരെ വാനരപ്പടയായും കരുതുന്നു.മേലേ ക്കാവിൽ ദൈവങ്ങൾ തിരുമുടി അണിഞ്ഞു ഭക്തരെ അനുഗ്രഹിച്ച് ദക്ഷിണ സ്വീകരിക്കും. ശേഷംസീതാദേവിയെ വീണ്ടെടുക്കാനായി താഴെക്കാവിലേക്ക് യുദ്ധ സന്നാഹത്തോടെ എഴുന്നള്ളും. അവിടെ കർമ്മങ്ങൾ പൂർത്തിയാക്കി അങ്കക്കാരൻ ആട്ടമെന്ന ഘോരയുദ്ധം നടത്തും. രാമായണത്തിലെ അസുര നായകരായ വിരൂപാക്ഷ വധം, ധ്രൂമാ ക്ഷ വധം, പ്രഹ സ്ഥ വധം, അതികായവധം, മേഘനാഥവധം, രാവണവധം എന്നിവയെ സൂചിപ്പിക്കുന്ന താക്കോൽ, ചുരിക, ദണ്ഡ്, കുട, തെങ്ങിൻ പൂക്കുല, വില്ല്, വാൾ എന്നിവയാലാണ് ആട്ടം . ഒടുവിൽ തറമ്മൽ ഭാഗത്തു നിന്നും സീതയുടെ ചിലമ്പിൻ കിലുക്കം മുഴങ്ങുന്നതോടെ യുദ്ധം അവസാനിക്കും. പിന്നെ കർമ്മങ്ങൾ പൂർത്തിയാക്കി മേലേ ക്കാവിലേക്ക് തിരിച്ചെഴുന്നളളി കാവ് ചുറ്റിയ ശേഷം മുടിയഴിക്കുന്നതോടെ ഒരു ദിവസത്തെ ഉത്സവം തീരും.

Share Article