G
Author
Gramika Team
Published
May 25, 2026

അട്ടപ്പാടി മധു വധക്കേസ്: 12 പ്രതികളുടെ ശിക്ഷ ജീവപര്യന്തമാക്കി ഉയർത്തി ഹൈക്കോടതി
കൊച്ചി: അട്ടപ്പാടി മുക്കാലിയിൽ ആൾക്കൂട്ട മർദനമേറ്റ് മധു എന്ന യുവാവ് കൊല്ലപ്പെട്ട കേസിൽ 12 പ്രതികളുടെ ശിക്ഷ ജീവപര്യന്തമാക്കി ഉയർത്തി. രണ്ട് ലക്ഷം രൂപ പിഴയും ചുമത്തി. കുടുംബത്തിന്റെ അപ്പീൽ പരിഗണിച്ച് ഹൈക്കോടതിയുടെതാണ് നടപടി. പ്രതികൾക്കുമേൽ പട്ടികജാതി-വർഗ പീഡനനിരോധന നിയമത്തിലെ കുറ്റംകൂടി ചുമത്തിയാണ് ശിക്ഷ ഉയർത്തിയത്. 16-ാം പ്രതി മുനീറിന് ഒരു വർഷം തടവും നൽകി. ഏഴുവർഷം കഠിനതടവും ഒരുലക്ഷംരൂപ പിഴയുമാണ് നേരത്തെ വിചാരണ കോടതി പ്രതികൾക്ക് വിധിച്ചിരുന്നത്. 16-ാം പ്രതിക്ക് മൂന്ന് മാസം തടവ് മാത്രമേ വിധിച്ചിരുന്നുള്ളൂ. ഒന്നാം പ്രതി താവളം പാക്കുളം മേച്ചേരിൽ ഹുസൈനെ ഹൈക്കോടതി വെറുതെ വിടുകയും ചെയ്തിട്ടുണ്ട്. കുറ്റകൃത്യത്തിൽ പങ്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണിത്. മരക്കാർ (2ാം പ്രതി), ഷംസുദ്ദീൻ (3ാം പ്രതി), രാധാകൃഷ്ണൻ (5ാം പ്രതി), അബൂബക്കർ (6ാം പ്രതി), സിദ്ധിഖ് (7ാം പ്രതി), ഉബൈദ് (8ാം പ്രതി), നജീബ് (9ാം പ്രതി), ജൈജുമോൻ (10ാം പ്രതി), സജീവ് (12ാം പ്രതി), സതീഷ് (13ാം പ്രതി), ഹരീഷ് (14ാം പ്രതി), ബിജു (15ാം പ്രതി) എന്നിവരെയാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചിരിക്കുന്നത്.