G

Author

Gramika Team

Published

February 14, 2026

അഞ്ചുപേർക്ക് പുതുജീവൻ നൽകി ആലിൻ യാത്രയായി

അഞ്ചുപേർക്ക് പുതുജീവൻ നൽകി ആലിൻ യാത്രയായി

പത്തനംതിട്ട: വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച 9 മാസം മാത്രം പ്രായമുള്ള ആലിന്റെ ഇരുവൃക്കകളും കരളും ഉൾപ്പെടെയുള്ള അവയവങ്ങൾ ദാനം ചെയ്യ്തു. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവാണ്. മല്ലപ്പള്ളി വാലുമണ്ണിൽ അരുൺ ഏബ്രഹാമിന്റെയും ഷെറിൻ ആൻ ജോണിന്റെയും ഏകമകളായ ആലിന് കഴിഞ്ഞ അഞ്ചിന് എംസി റോഡിൽ പള്ളത്തുണ്ടായ അപകടത്തിലാണ് ഗുരുതരമായി പരുക്കേറ്റത്. കുടുംബം സഞ്ചരിച്ചിരുന്ന കാറിൽ മറ്റൊരു വാഹനം ഇടിച്ചായിരുന്നു അപകടം. അപകടത്തിൽ ഷെറിനും മാതാപിതാക്കളായ ജെസ്സി ജോണിനും രാജൻ ജോണിനും പരുക്കേറ്റിരുന്നു. ആലിനെ ആറിനു കൊച്ചി അമൃത ആശുപത്രിയിൽ എത്തിച്ചു. വ്യാഴാഴ്ച മസ്തിഷ്ക മരണം സംഭവിച്ചതോടെ മാതാപിതാക്കൾ അവയവദാനത്തിന് സന്നദ്ധത അറിയിച്ചു. രാത്രിയിൽ ഹെലികോപ്റ്റർ യാത്ര പ്രായോഗികമല്ലാത്തതിനാൽ റോഡ് മാർഗമാണ് അവയവങ്ങൾ തിരുവനന്തപുരത്ത് എത്തിച്ചത്. ആലിന്റെ കരൾ തിരുവനന്തപുരം കിംസ് ആശുപത്രിയിലുള്ള 6 മാസം പ്രായമുള്ള കുഞ്ഞിനാണ് നൽകിയത്. സംസ്ഥാനത്തു കരൾ സ്വീകരിച്ചവരിൽ ഏറ്റവും പ്രായം കുറഞ്ഞ ആളാകും ഈ കുഞ്ഞ്. ഇരുവൃക്കകളും എസ്‌എടി ആശുപത്രിയിലുള്ള 10 വയസ്സുള്ള കുട്ടിക്ക് നൽകും. നേത്ര പടലങ്ങൾ അമൃത ആശുപത്രിയിലെ നേത്ര ബാങ്കിനും ഹൃദയ വാൽവ് തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിനും കൈമാറി.

Share Article