G
Author
Gramika Team
Published
June 1, 2026

അച്ചാമാസിലെ രത്നമ്മ ഓർമയായി, തുളസീധരൻ ഇനി തനിച്ചായി
കൊല്ലം: സമൂഹ മാധ്യമങ്ങളിലെ വൈറല്‍ ജോഡികളായ അച്ചാമാസിലെ രത്നമ്മ (69) വിടവാങ്ങി. പുനലൂര്‍ കലയനാട് രാജീവ് ഭവനില്‍ തുളസീധരന്റെ ഭാര്യയാണ്. ഇരുവരും ചേര്‍ന്ന് സമൂഹമാധ്യമങ്ങളില്‍ പങ്കുവിച്ചിരുന്ന വിഡിയോകള്‍ വൈറലായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. സ്നേഹത്തിന്റെയും പുഞ്ചിരിയുടെയും പര്യായമായിരുന്ന ഈ ദമ്പതികളുടെ വിഡിയോ പ്രായഭേദമന്യേ ആളുകൾ ഏറ്റെടുത്തിരുന്നു. പുനലൂർ കലയനാട് രാജീവ് ഭവനിൽ താമസിക്കുന്ന ഈ ദമ്പതികളുടെ കൊച്ചുകൊച്ചു സന്തോഷങ്ങൾ ക്യാമറയിൽ പകർത്തി ലോകത്തെ അറിയിച്ചത് അവരുടെ പേരക്കുട്ടികളായ അമൽ രാജും അഖിൽ രാജുമായിരുന്നു. ഇവരായിരുന്നു 'അച്ചാമാസ്' എന്ന പ്രൊഫൈൽ കൈകാര്യം ചെയ്തിരുന്നത്. എട്ട് ലക്ഷത്തിനടുത്ത് ഫോളോവേഴ്സ് ഉണ്ട് ഇവർക്ക്. പ്രായത്തെ വെല്ലുന്ന ഊർജത്തോടെ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്ന രത്നമ്മയുടെ വിയോഗം ഏവരെയും കണ്ണീരിലാഴ്ത്തുകയാണ്. രത്നമ്മയുടെ സംസ്കാര ചടങ്ങുകൾ ജൂൺ ഒന്നിനു രാവിലെ രാവിലെ 11.30-ന് സ്വന്തം വീട്ടുവളപ്പിൽ വെച്ച് നടന്നു. കുറച്ച് നാളുകളായി ആരോഗ്യപരമായ കാരണങ്ങളാൽ ഇവർ റീലിൽ നിന്നൊക്കെ മാറി നിൽക്കുകയായിരുന്നു. ഈ മാർച്ചിലാണ് ഇവർ അവസാന വിഡിയോ ചെയ്യുന്നത്. അതിനിെട തുളസീധരന് സ്ട്രോക്ക് സംഭവിക്കുകയും ഒരു വർഷം മുന്നേ ചെയ്ത ആൻജിയോപ്ലാസ്റ്റിയുടേതായ ആരോഗ്യ കാരണങ്ങളാൽ രത്നമ്മയ്ക്കും ബുദ്ധിമുട്ടുകൾ ഉണ്ടായെന്നും കൊച്ചുമകൻ വെളിപ്പെടുത്തിയിരുന്നു.